തിരുവനന്തപുരം: നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകള്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കിയായിരിക്കും ബസുകള്‍ ഓടുക. 206 ബസുകളാണ് നാളെ സര്‍വ്വീസ് ആരംഭിക്കുന്നത്. തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ ഉണ്ടാകില്ല.
ആനയറയില്‍ താത്ക്കാലിക സംവിധാനമൊരുക്കി സര്‍വ്വീസ് നടത്തുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
ദീര്‍ഘദൂര ബസുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് നാളെ മുതല്‍ തുടങ്ങും.
പൊതുഗതാഗതത്തില്‍ നിന്ന് ആളുകള്‍ ഭയാനകമാംവിധം കുറയുന്നെന്നും യൂസ്ഡ് കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടേയും വില്‍പന വലിയ തോതില്‍ കൂടിയതായും മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്തേക്ക് മാത്രമായി ഏര്‍പ്പെടുത്തിയ പ്രത്യേകനിരക്കിലാണ് സര്‍വീസ് നടത്തുക.
അതേസമയം, സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് ഒന്‍പതിനായിരത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം നല്‍കി. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളില്‍ നിരത്തില്‍നിന്ന് പിന്‍മാറും.
ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് അടുത്തദിവസം മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.








































