gnn24x7

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം

0
259
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.

ഇതിനെ തുടര്‍ന്ന് ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇതിന് പുറമേ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്, വയനാട്, കാസര്‍കോഡ് ഒഴികെയുളള എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് 3.5 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ട്.

ഇതിനെ തുടര്‍ന്ന് ഇനിയൊറിപ്പ് ഉണ്ടാകുന്നത് വരെ കടലില്‍ പോകരുതെന്ന് കാലവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച മലബാര്‍ മേഖലയില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുളള തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കും.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, വയനാട് ഒഴികെയുളള ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവസ്ഥനിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയീപ്പ് പൂര്‍ണരൂപം, 

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല.

കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കുക. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കുക.

പ്രത്യേക ജാഗ്രത നിർദേശം :

06-09-2020 മുതൽ 10-09-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

06-09-2020 മുതൽ 08-09-2020 വരെ : തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യ-കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

06-09-2020 മുതൽ 08-09-2020 വരെ : കേരള-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

06-09-2020 & 07-09-2020 : കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

10 -09-2020 : ഗൾഫ് ഓഫ് മാന്നാറിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here