gnn24x7

ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയത് കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ വേണ്ടിയല്ല ആളുകള്‍ വഞ്ചിതരാകാതിരിക്കാന്‍; മേജര്‍ രവി

0
227
gnn24x7

കോട്ടയം: കേരളത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മൊത്തം കെട്ടിടങ്ങളുടെ ലിസ്റ്റ് സര്‍ക്കാര്‍ ഹാജരാക്കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തന്‍റെ നിലപാട് വ്യക്തമാക്കി മേജര്‍ രവി രംഗത്ത്.

താന്‍ ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയത് കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ വേണ്ടിയല്ലയെന്നും മറിച്ച് ആളുകള്‍ ഇനിയും വഞ്ചിതരാകാതിരിക്കാന്‍ വേണ്ടിയാണെന്നും മേജര്‍ രവി വ്യക്തമാക്കി.

തീരദേശ നിയന്ത്രണ മേഖലയെ (CRZ) കുറിച്ച് വ്യക്തമായ വിവരം സര്‍ക്കാര്‍ നല്‍കാത്തതിനാലാണ് ഞാനടക്കം ഉള്ളവര്‍ക്ക് നഷ്ടം ഉണ്ടായതെന്നും ഇതില്‍ ഒരു തെറ്റും ചെയ്തിട്ടില്ലയെങ്കിലും ഒരുപാട് അനുഭവിക്കേണ്ടി വന്നുവെന്നും ഉദ്യോഗസ്ഥര്‍ കൃത്യമായി പഠനം നടത്തി വിവരം നല്‍കാതിരുന്നതാണ് മരടിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ ഈ അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പൊളിച്ചുമാറ്റിയ മരടിലെ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് മേജര്‍ രവിയുടെതായിരുന്നു.

കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെയും അനധികൃത കയ്യേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.

തീരദേശ നിയമം ലംഘിച്ച് കെട്ടിടങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് നല്‍കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവ് നല്‍കിയത്. 

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ സംബന്ധിച്ച കോടതി നടപടികള്‍ മുന്നോട്ടു പോകവെയാണ് കേരളത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നിരവധിയാണെന്ന വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ വരുന്നത്. 

അതിന്‍റെ അടിസ്ഥാനത്തിലാണ് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതിനായി നാലുമാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു

എന്നാല്‍ സമയം കഴിഞ്ഞിട്ടും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു നീക്കവും കാണാഞ്ഞതിനാലാണ് മേജര്‍ രവി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. 

കേസ് സുപ്രീം കോടതി മാര്‍ച്ച് 23 ന് വീണ്ടും പരിഗണിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here