പാലക്കാട്: മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് രാവിലെ തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെൻറീമീറ്റർ വീതമാണ് തുറക്കുന്നത്. മലമ്പുഴ 113.59 മീറ്ററും(പരമാവധി 115.06 മീറ്റർ), പോത്തുണ്ടി 106.2 മീറ്ററുമാണ്(പരമാവധി 108.204 മീറ്റർ) നിലവിലെ ജലനിരപ്പ്.
ബാണാസുര സാഗര്‍ അണക്കെട്ടും തുറക്കും
കല്‍പ്പറ്റ: ശക്തമായ മഴയെ തുടർന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ശേഷം ഷട്ടറുകള്‍ തുറന്ന് 50 ക്യുബിക് മീറ്റര്‍ ജലം വീതം പുറത്ത് വിടും.നിലവില്‍ 774.30 മീറ്ററാണ് ബാണാസുര സാഗറിലെ ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 775.60 മീറ്ററും. ഷട്ടറുകള്‍ തുറക്കുന്നതോടെ അണക്കെട്ടിന്റെ താഴ്വാരത്തെ കമാന്‍തോട്, പനമരം പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് 25 സെമീ മുതല്‍ 60 സെമീ വരെ ഉയരാന്‍ സാധ്യതയുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ കനത്ത മഴയാണ് ഇവിടെ പെയ്യുന്നത്. വയനാട് ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ 4 ഡാമുകള്‍ തുറന്നു
മഴ ശക്തമായതോടെ ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നു. ഇതേ തുടർന്നു നാല് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു.ലോവർപെരിയാർ(പാംബ്ല), കല്ലാർകുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്.കല്ലാർകുട്ടി-രണ്ട്, കുണ്ടള- രണ്ട്, ലോവർപെരിയാർ-ഒന്ന്, മലങ്കര-ആറ് എന്നിങ്ങനെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകൾ 10 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയത്. അണക്കെട്ടിൽ വൈകുന്നേരം അഞ്ചിന് ജലനിരപ്പ് 40.28 മീറ്ററായി ഉയർന്നിരുന്നു.ഷട്ടറുകൾ തുറന്നതിനെ തുടർന്ന് ഡാമിൽ നിന്ന് തൊടുപുഴയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 23.91 ഘന സെന്റീ മീറ്ററാണ്. തൊടുപുഴ, മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ രാത്രി ഏഴിന് രേഖപ്പെടുത്തിയ കണക്കനുസരിച്ച് ജലനിരപ്പ് 2379.68 അടിയായി ഉയർന്നു. സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. പദ്ധതി പ്രദേശത്ത് സാമാന്യം നല്ല മഴ ലഭിച്ചു. മുല്ലപ്പെരിയാറിൽ 125.75 അടിയാണ് ജലനിരപ്പ്.