കൊച്ചി: തകർത്ത് നിരപ്പാക്കിയ 19 നിലയുള്ള എച്ച്.ടു.ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിലനിന്നിരുന്ന 1.06 ഏക്കർ സ്ഥലം ഇനി എന്തു ചെയ്യും? പലരും പലതും പറയുന്നുണ്ടെങ്കിലും അവിടെ താമസിച്ചിരുന്ന ഫ്ലാറ്റ് ഉടമകൾക്ക് വ്യക്തമായ തീരുമാനമുണ്ട്. മറ്റൊന്നുമല്ല, പുതിയ ഫ്ലാറ്റ് സമുച്ചയം പണിയും. അൽപം വൈകിയാലും തങ്ങളെ ഇറക്കിവിട്ടിടത്തേക്കുതന്നെ മടങ്ങിവരുമെന്ന് ഇവർ ഉറപ്പിച്ചു പറയുന്നു.
ഭൂമി വിട്ടുകിട്ടിക്കഴിഞ്ഞാൽ ഫ്ലാറ്റ് പണിയുന്നത് സംബന്ധിച്ച ആലോചനകൾ ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിലാണ് നടക്കുന്നത്. അസോസിയേഷൻ അംഗങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഇതുസംബന്ധിച്ച ചർച്ച തുടങ്ങിക്കഴിഞ്ഞു. ഭൂരിഭാഗം പേരും അതേസ്ഥലത്ത് പുതിയ ഫ്ലാറ്റ് പണിയണമെന്ന അഭിപ്രായക്കാരാണ്. 90 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്.
ഓരോരുത്തർക്കും ഒരു സെൻറിലധികം ഭൂമിക്ക് അവകാശമുണ്ട്. ഇത് ആർക്കും വിട്ടുനൽകില്ലെന്ന് ഫ്ലാറ്റിലെ താമസക്കാരനും ഫ്ലാറ്റ് സംരക്ഷണ സമിതി ചെയർമാനുമായിരുന്ന അഡ്വ. ഷംസുദ്ദീൻ പറയുന്നു. ഭൂമി കിട്ടിക്കഴിഞ്ഞാൽ അസോസിയേഷൻ യോഗം ചേർന്ന് പുതിയ ഫ്ലാറ്റ് നിർമിക്കുന്ന കാര്യം ചർച്ച ചെയ്യും. ഉടമകളിൽ ആരെങ്കിലും നിസ്സഹകരിച്ചാൽപോലും ഭൂരിപക്ഷ അഭിപ്രായത്തിെൻറ അടിസ്ഥാനത്തിൽ പുതിയ ഫ്ലാറ്റ് പണിയാൻ കോടതിവഴി അനുമതി നേടിയെടുക്കാൻ വകുപ്പുണ്ട്.
പുതിയ തീരദേശനിയമമനുസരിച്ച് കാറ്റഗറി രണ്ടിൽപെടുന്ന ഈ സ്ഥലത്ത് വേലിയേറ്റരേഖയിൽനിന്ന് 20 മീറ്റർ വിട്ട് പുതിയ നിർമാണം നടത്താം. പൊളിച്ച ഫ്ലാറ്റിെൻറ ഭിത്തിവരെ വേലിയേറ്റരേഖയിൽനിന്ന് 30 മീറ്റർ അകലമുണ്ട്. നേരേത്ത കാറ്റഗറി മൂന്നിലാണ് ഉൾപ്പെട്ടിരുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിേൻറതടക്കം എല്ലാ അനുമതികളും വാങ്ങിയ ശേഷമായിരിക്കും പണി തുടങ്ങുക.