കൊച്ചി: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു.പതിനഞ്ച് വിദ്യാര്‍ഥികളെയാണ് വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചത്.
ബാങ്കോക്ക് വഴിയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്തിച്ചത്.ചൈനയിലെ യുനാന്‍ പ്രവശ്യയിലെ ഡാലി യുണിവെഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണിവര്‍.
മെഡിക്കല്‍ പരിശോധനകള്‍ക്കായി വിദ്യാര്‍ഥികളെയെല്ലാം വിമാനത്താവളത്തില്‍നിന്ന് കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ച് വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ ഈ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കൂ.
വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനുള്ള നിര്‍ദേശം ഇവര്‍ക്ക് നല്‍കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശമിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇവരെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചത്.