gnn24x7

ആരോഗ്യമന്ത്രി കെ. കെ ശൈലജക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്‌ലിംലീഗ്

0
273
gnn24x7

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. കെ ശൈലജക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്‌ലിംലീഗ്. കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവ് വ്യക്തിപരമായ പരാമര്‍ശം നടത്തുന്നത് ഒഴിവാക്കേണ്ടതായിരുന്നെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

‘അദ്ദേഹം പാര്‍ട്ടിയുടെ ഉന്നതനായ നേതാവും പാര്‍ലമെന്റിന്റെ അകത്തും പൊതു പ്രവര്‍ത്തന രംഗത്തും ധാരാളം പ്രവര്‍ത്തന സമ്പത്തുള്ള ആളുമാണ്. കെ.പി.സി.സിയുടെ പ്രസിഡന്റാണ്. അത്തരമൊരു പദപ്രയോഗം ഒഴിവാക്കാമായിരുന്നു എന്നാണ് ഞങ്ങളുടെ നിലപാട്,’ കെ.പി.എ മജീദ് പറഞ്ഞു.

ഈ വിഷയത്തിന്റെ പേരില്‍ പ്രതിപക്ഷത്തെ ഒന്നടങ്കം വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും മജീദ് ചൂണ്ടിക്കാണിച്ചു.

ഈ സമയത്തും നിപ വന്ന സമയത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരുമായി സഹകരിച്ച് പോന്നിട്ടുണ്ടെന്നും മജീദ് പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തിയധിക്ഷേപത്തെ പിന്തുണച്ച് പ്രധാന കോണ്‍ഗ്രസ് നേതാക്കളാരും തന്നെ രംഗത്തെത്തിയിരുന്നില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രധാന നേതാക്കള്‍ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി.

എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ സമ്മതനായ നേതാവല്ലാത്തതിനാല്‍ കെ.കെ ശൈലജയ്ക്കെതിരായ പരാമര്‍ശത്തെ മുതലെടുത്ത് മുല്ലപ്പള്ളിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചന.

പത്മജാ വേണുഗോപാല്‍, ടി സിദ്ദിഖ്, കെ.പി അനില്‍കുമാര്‍ എന്നിവര്‍ മാത്രമാണ് പാര്‍ട്ടിയില്‍നിന്നും മുല്ലപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്.

ആരോഗ്യമന്ത്രി കെ .കെ ശൈലജക്കെതിരെ അധിക്ഷേപവുമായി വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ലണ്ടന്‍ ഗാര്‍ഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

‘ലണ്ടന്‍ ഗാര്‍ഡിയന്‍ പറഞ്ഞത് ‘The coronavirus slayer! How Kerala’s rock star health minister helped save it from Covid-19′ എന്നാണ്. മനസ്സിലാക്കണം കേരളത്തിലെ റോക്ക്സ്റ്റാറാണെന്നാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ ആധുനിക നൃത്ത സംവിധാനത്തെക്കുറിച്ചെനിക്കറിയില്ല. റോക്ക് ഡാന്‍സറായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ റോക്ക് ഡാന്‍സറായിട്ടുള്ള മന്ത്രി കൊവിഡ് മഹാമാരിയില്‍ നിന്നും രക്ഷിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുപോലെ 42 ജേണലുകളില്‍ ഇത് കൊടുത്തിട്ടുണ്ട്,’ മുല്ലപ്പള്ളി പറഞ്ഞു.

താന്‍ ഒരാളെക്കുറിച്ചും ഒരു പരാമര്‍ശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് താന്‍ മോശമായി സംസാരിക്കാറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റെന്നും മുല്ലപ്പള്ളി ചോദിച്ചു.

റോക്ക് സ്റ്റാര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ചടുല നീക്കങ്ങള്‍ എന്നാണെന്ന് തിരുത്തിയ മാധ്യമപ്രവര്‍ത്തകനോടും അക്രോശിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

റോക്ക് ഡാന്‍സര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ചടുലനീക്കങ്ങള്‍ എന്നാണോ എന്നായിരുന്നു മുല്ലപ്പള്ളി ചോദിച്ചത്. അങ്ങനെയെങ്കില്‍ ഞാന്‍ രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് മുല്ലപ്പള്ളി ചോദിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here