gnn24x7

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കര്‍ നല്‍കുന്ന മറുപടികളില്‍ പൊരുത്തക്കേടെന്ന് എന്‍.ഐ.എ.

0
270
gnn24x7

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കുന്ന മറുപടികളില്‍ പൊരുത്തക്കേടെന്ന് എന്‍.ഐ.എ.

അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പല ചോദ്യങ്ങള്‍ക്കും ശിവശങ്കര്‍ നിഷേധാത്മക മറുപടികളാണ് നല്‍കുന്നതെന്നും എന്‍.ഐ.എ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിഭാഷകന്റെ നിര്‍ദേശ പ്രകാരമാണ് ശിവശങ്കര്‍ മറുപടി നല്‍കുന്നത്. പ്രതികളുമായുള്ള ബന്ധം നിഷേധിക്കാന്‍ ശിവശങ്കറിന് സാധിച്ചിട്ടില്ലെന്നും ഡി.ഐ.ജി എന്‍.ഐ.എ മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അതേസമയം ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തോ എന്നതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുക. ഫോണ്‍വിളികള്‍, സൗഹൃദങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും എന്‍.ഐ.യുടെ ചോദ്യങ്ങള്‍ ഉണ്ടാവുക.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ആര്‍ക്കും ഒരു സഹായവും നല്‍കിയിട്ടില്ലെന്നും കേസില്‍ ഒരു പങ്കുമില്ലെന്നുമാണ് ശിവശങ്കര്‍ നല്‍കിയ മൊഴിയെന്നാണ് സൂചന.

സ്വപ്‌നയ്ക്ക് ഐ.ടി വിഭാഗത്തില്‍ ജോലി നല്‍കിയത് കോണ്‍സുലേറ്റ് ഉന്നതരുടെ നിര്‍ദേശത്തില്‍ ആണ്. സ്വപ്‌നയ്ക്ക് ജോലി നല്‍കാന്‍ ഭരണപക്ഷത്തിലെ ആരുടേയും ശുപാര്‍ശ ഉണ്ടായിരുന്നില്ല.

ഫൈസല്‍ ഫരീദ്, കെ.ടി റമീസ് എന്നിവരുമായി ഒരിക്കല്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ഇരുവരുമായി സംസാരിച്ചിട്ടില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി. വിദേശയാത്ര പോയത് ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കാണെന്നും ശിവശങ്കര്‍ പറഞ്ഞു.

എം. ശിവശങ്കറിനെ ഇന്ന് രാവിലെ പത്ത് മണി മുതല്‍ വീണ്ടും എന്‍.ഐ.എ ചോദ്യം ചെയ്യും. ഇന്നലെ എന്‍.ഐ.എ സംഘം ഒന്‍പത് മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കര്‍ നേരത്തെ നല്‍കിയ മൊഴികളും ഇന്നലത്തെ മൊഴികളും പരിശോധിച്ച് പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തുകയാണ് എന്‍.ഐ.എയുടെ ലക്ഷ്യം.

എന്‍.ഐ.എ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടന്നത്.

അതിനിടെ യു.എ.ഇ കോണ്‍സുലേറ്റിലെ സിസി ടിവി ദൃശ്യവും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ കൈമാറാമോ എന്ന് കോണ്‍സുലേറ്റിനോട് കസ്റ്റംസ് അഭ്യര്‍ത്ഥന നടത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം അഡ്മിന്‍ അറ്റാഷെ യു.എ.ഇയിലേക്ക് മടങ്ങും മുന്‍പ് കോണ്‍സുലേറ്റിന് പുറത്ത് വെച്ച് കസ്റ്റംസ് കണ്ടിരുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here