നേപ്പാളില്‍ മരിച്ച ഏട്ട് മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും.
ഇവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ത്രിഭുവന്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇന്ത്യന്‍ എംബസിയുടെ ഡോക്ടറെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.
ഇന്ത്യൻ എംബസി അധികൃതർ ഉൾപ്പെടെയുള്ളവരുടെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ് മോർട്ടം നടപടികൾ. ഒപ്പമുണ്ടായിരുന്ന ഏഴ് പേരെ നാട്ടിലെത്തിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ എംബസി നിര്‍വഹിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
നേപ്പാളിലെ കാഠ്മണ്ഡുവിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച എയർ ഇന്ത്യാ വിമാനത്തിലാണ് നാട്ടിലെത്തിക്കുക. മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നോർക്കയ്ക്ക് നിർദ്ദേശം നൽകി.
പ്രവീൺ കുമാർ നായർ( 39), ശരണ്യ( 34), രഞ്ജിത്ത് കുമാർ( 39), ഇന്ദു രഞ്ജിത്ത് ( 34), ശ്രീഭദ്ര(9), അഭിനവ്(9), അബി നായർ (7), വൈഷ്ണവ് (2) എന്നിവരാണ് മരിച്ചത്. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു
മുറിയുടെ രണ്ട് ഭാഗത്തായായിരുന്നു ഇവർ താമസിച്ചിരുന്നത്. രാവിലെ വാതിൽ തുറക്കായതായപ്പോൾ കൂടെയുണ്ടായിരുന്നവർ ഹോട്ടൽ അധികൃതരെ അറിയിക്കുകയായിരുന്നു. ഇവരെത്തി മുറി തുറന്നപ്പോഴാണ് 8 പേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.
തുടർന്ന് പോലീസെത്തി ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടി സുരക്ഷിതനാണ്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മാധവാണ് രക്ഷപെട്ടത്.
ഈ കുട്ടി സംഭവം നടക്കുമ്പോൾ മറ്റൊരു മുറിയിലായിരുന്നു. 15 പേരടങ്ങുന്ന വിനോദ സഞ്ചാര സംഘമാണ് നേപ്പാളിൽ എത്തിയത്. നാല് മുറികളിലായാണ് സംഘം താമസിച്ചിരുന്നത്.