കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം ഉറപ്പിച്ച് എൻ.ഐ.എ. തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ ഇരുപത്തിനാലാം പ്രതി മുഹമ്മദലി ഇബ്രാഹിമിനെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് രണ്ടുപേരെയും എൻ.ഐ.എ. സംഘം പിടികൂടുകയായിരുന്നു. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമാണെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്. തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർന്ന് ജൂൺ 24, 26 തീയതികളിലാണ് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തത്. അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വർണക്കടത്ത് കേസിൽ പിടിയിലായത് നിർണായക വഴിത്തിരിവാണെന്നാണ് എൻ.ഐ.എ. സംഘത്തിന്റെ വിലയിരുത്തൽ.






































