കോഴിക്കോട്: വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന സമരങ്ങളിൽ വനിതകൾ പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി വനിതാ ലീഗ് നേതൃത്വം. ഇക്കാര്യം വിശദീകരിച്ച് വനിതാ ലീഗ് നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പില്‍ ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ് പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശം പുറത്ത് വന്നു.
ബംഗ്ലുരുവില്‍ നടന്ന ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് വനിതകള്‍ രാത്രി കാലങ്ങളില്‍ നടക്കുന്ന ശാഹീന്‍ ബാഗ് മോഡല്‍ സമരങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമുണ്ടായത്. ഇക്കാര്യം അറിയിക്കാന്‍ ലീഗ് നേതൃത്വം നൂര്‍ബീന റഷീദിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്തെ വനിതാ ലീഗ് നേതാക്കളുടെ ഗ്രൂപ്പില്‍ നൂര്‍ബീന റഷീദ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു രാത്രികാല സമരം വിലക്കിയ വിവരം വാട്സ് അപ് ഗ്രൂപ്പില്‍ നൂര്‍ബീന റഷീദ് പങ്ക് വെച്ചത്. സമരങ്ങളിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് മതനേതൃത്വങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. ചിലർ പരസ്യമായി തന്നെ വനിതകളുടെ പ്രാതിനിധ്യത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് വനിതാ ലീഗിെൻറ പുതിയ നിർദേശം.







































