മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ അറുന്നൂറോളം രക്ഷാപ്രവർത്തകർ ക്വാറന്റീനിൽ പ്രവേശിച്ചു. മലപ്പുറം ജില്ല കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചതാണ് ഇക്കാര്യം. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്ന ഷബീർ എ.പി ഹോം ക്വാറന്റീനിൽ ആണ്.
‘ഒരു വലിയ ശബ്ദം കേട്ട് ഞങ്ങൾ സ്ഥലത്തെത്തി. ഞാൻ അവിടെ എത്തുമ്പോൾ 10-15 പേർ നേരത്തെ തന്നെ എത്തിയിരുന്നു. കനത്ത മഴയായിരുന്നു. തുടക്കത്തിൽ വിമാനം തീ പിടിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ, യാത്രക്കാരുടെ നിലവിളി കേട്ടപ്പോൾ എല്ലാം മറന്ന് അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു’ – അതേസമയം സംഭവത്തെക്കുറിച്ച് ഷബീർ ഓർത്തെടുത്തു.
കരിപ്പൂർ വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശം കൺടയിൻമെന്റ് സോണിൽ ആയിരുന്നെങ്കിലും അപകടത്തിൽപ്പെട്ട യാത്രക്കാരെ സഹായിക്കുന്നതിൽ നിന്ന് നാട്ടുകാരെ അത് തടഞ്ഞില്ല.
“കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ നിലവിളിക്കുന്നുണ്ടായിരുന്നു. ഒത്തിരി പേർക്ക് ഗുരുതര പരിക്ക് പറ്റി ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ജീവനുകൾ രക്ഷിക്കുന്നതിനെക്കുറിച്ച് അല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞങ്ങൾ ആലോചിച്ചില്ല. ശരിക്ക് പറഞ്ഞാൽ കൊറോണ വൈറസിനെക്കുറിച്ച് കാര്യമായി ഒന്നും ചിന്തിച്ചിരുന്നില്ല. കാരണം, ആളുകളുടെ ജീവൻ രക്ഷിക്കുന്നത് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചിലർക്ക് മാസ്ക്ക് പോലും ഉണ്ടായിരുന്നില്ല” – ഷബീർ പറഞ്ഞു.
ഓട്ടോ, കാർ, ജീപ്പ് തുടങ്ങിയ സ്വകാര്യ വാഹനങ്ങളിലാണ് ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്. ദുബായിൽ നിന്നെത്തിയ വിമാനം ആയിരുന്നു അപകടത്തിൽപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. അപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.







































