gnn24x7

വീസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരു ലക്ഷം പ്രവാസികളെ പുറത്താക്കും

0
133
gnn24x7

കുവൈത്ത് സിറ്റി: വീസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരുലക്ഷം വിദേശികളെ ഈ വർഷം അവസാനത്തോടെ കുവൈത്തിൽ നിന്നു പുറത്താക്കും. അത്തരത്തിലുള്ള 450 കമ്പനികളുണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ അമിത സാന്നിധ്യം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നടപടി.

വിവിധ കമ്പനികളുടെ വീസയിൽ എത്തിയ വിദേശികൾക്ക് പ്രസ്തുത സ്ഥാപനങ്ങളിൽ ജോലി ലഭിക്കാറില്ല. പകരം അവർ തൊഴിൽ വിപണിയിൽ തൊഴിൽതേടി അലയുകയാണ് പതിവ്. മിക്ക കമ്പനികൾക്കുമാകട്ടെ ഓഫിസ് പോലും ഉണ്ടാകാറില്ല. 450 കമ്പനികളിൽ 300 എണ്ണത്തിനും യാതൊരു വാണിജ്യ ഇടപാടുകളും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വീസ കച്ചവടക്കാർക്കെതിരെ കർശന നിലപാടാണ് ഈയിടെയായി അധികൃതർ സ്വീകരിക്കുന്നത്. താമസാനുമതികാര്യ വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം 535 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അവരിൽ 55 സ്വദേശികളും ഉൾപ്പെടും.

ഫാമുകളുടെ മറവിലും വ്യാപകമായ തോതിൽ വീസ കച്ചവടം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീസ കച്ചവടം വഴി കഴിഞ്ഞ രണ്ട് വർഷത്തിനിടെ വ്യാജകമ്പനികൾ 66 ദശലക്ഷം ദിനാർ സമ്പാദിച്ചതായാണ് കണക്ക്. 30,000 പേരെയെങ്കിലും അത്തരത്തിൽ കുവൈത്തിൽ എത്തിച്ചിട്ടുമുണ്ട്. അറബ്, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് വീസക്കച്ചവടത്തിന് ഇരയായി കുവൈത്തിൽ എത്തുന്നവരിൽ ഏറെയും. 1,500 ദിനാറിന് മുകളിലാണ് ഓരോരുത്തരും വീസയ്ക്ക് നൽകുന്ന തുക.

വിദേശികളുടെ എണ്ണം: അവലോകനം ചെയ്യാൻ മനുഷ്യാവകാശ സമിതി

കുവൈത്ത് സിറ്റി ∙ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനു സർക്കാരിന്റെയും പാർലമെന്റിന്റെയും മുൻപാകെയുള്ള നിർദേശങ്ങൾ അവലോകനം ചെയ്യാൻ പാർലമെന്റിന്റെ മനുഷ്യാവകാശ സമിതി. ഇതു സംബന്ധിച്ച് സാമൂ‍ഹിക-തൊഴിൽ മന്ത്രി മറിയം അൽ അഖീലുമായി സമിതി അംഗങ്ങൾ ചർച്ച നടത്തും. പ്രധാനമായും 7 നിർദേശങ്ങളാണ് സമിതി മുൻപാകെയുള്ളത്. ഓരോ രാജ്യത്തു നിന്നും റിക്രൂട്ട് ചെയ്യാവുന്ന തൊഴിലാളികളുടെ എണ്ണം നിർണയിച്ചുനൽകുക, പൊതുമേഖലയിൽ ഒരുലക്ഷം വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുക, അവിദഗ്ധ തൊഴിലാളികളുടെ എണ്ണം 25% കുറക്കുന്നതിന് സ്മാർട് റിക്രൂട്മെന്റ് സംവിധാനം ഏർപ്പെടുത്തുക, താത്കാലിക തൊഴിൽ കരാറുകളിൽ 30% കുറവ് വരുത്തുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. സ്വദേശികളും വിദേശികളും തമ്മിൽ ജനസംഖ്യാ അനുപാതത്തിലുള്ള അസന്തുലനം സാമൂഹികവും സുരക്ഷാപരവും സാമ്പത്തികവും സാംസ്കാരികവുമായ ദോഷഫലങ്ങൾ ഉളവാക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്. 2005-2019 കാലത്ത് രാജ്യത്ത് സ്വദേശികളുടെ എണ്ണത്തിൽ 55% വർധനയുണ്ടായപ്പോൾ വിദേശി ജനസംഖ്യ 130% വർധിച്ചതായാണ് കണക്ക്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here