gnn24x7

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി; മക്കൾക്ക് നിർണ്ണായക പങ്ക്

0
171
gnn24x7

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയി ഡാനിയേലിന്റെയും കുടുംബാംഗങ്ങളുടെയും അറസ്റ്റ് രേഖപ്പെടുത്തി. റോയി, ഭാര്യ പ്രഭ, മക്കളായ റിയ,റിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ പിടിയിലായത്. മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ക്ക്  കേസില്‍ മുഖ്യപങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

2014 ലാണ് തട്ടിപ്പ് തുടങ്ങിയതെന്നാണ് വിവരം. 2014 ന് ശേഷം റിയയും റിനുവും മിനി പോപ്പുലര്‍, പോപ്പുലര്‍ എകസ്‌പെര്‍ട്ടൈസ് തുടങ്ങിയ നാലോളം കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഇവയുടെ സാമ്പത്തിക ഇടപാട് ഡിപ്പോസിറ്റ് വ്യവസ്ഥയിലായിരുന്നില്ല. ഇതെല്ലാം ലിമിറ്റഡ് ലയ്ബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയിലായിരുന്നു. ഇതു പ്രകാരം സ്ഥാപനത്തില്‍ നിക്ഷേപിക്കുന്ന തുകയുടെ ലാഭവിഹിതമാണ് നിക്ഷേപകര്‍ക്ക് നല്‍കുക. കമ്പനി ലാഭത്തിലാണെങ്കില്‍ മാത്രം വിഹിതം നല്‍കിയാല്‍ മതി. നിക്ഷേപകര്‍ക്കൊന്നും തന്നെ ഈ വ്യവസ്ഥയെ പറ്റി അറിയില്ലായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ നാലു പേരെയും ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇവരെ റിമാന്‍ഡ് ചെയ്യും എന്നു തന്നെയാണ് സൂചന. ശനിയാഴ്ചയാണ് റോയി ഡാനിയേല്‍ കീഴടങ്ങിയത്. പത്തനംതിട്ട എസ്.പി ഓഫീസിലാണ് കീഴടങ്ങിയത്.

റിയയെയും റിനുവിനെയും വെള്ളിയാഴ്ചയാണ് ദല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇരുവരും പിടിയിലായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here