തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേയ്ക്ക് ദര്‍ശനം നടത്തില്ല. തിങ്കളാഴ്ച ദര്‍ശനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനം എടുത്തത്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും.
തുടര്‍ന്ന് അവിടുത്തെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ഒമ്പതാം തീയതി രാഷ്ട്രപതി കൊച്ചിയില്‍ തിരിച്ചെത്തിയശേഷം ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം. രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതില്‍ ദേവസ്വവും, പൊലീസും ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷ ഒരുക്കാന്‍ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ശബരിമലയില്‍ എവിടെ ഇറക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിക്ക് മുകളില്‍ താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇറക്കാനുള്ള ബലം കുടിവെള്ള സംഭരണിക്കുണ്ടോ എന്ന സംശയം ഉള്ളതിനാല്‍ കുടിവെള്ള സംഭരണിക്ക് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചേക്കില്ല എന്നും ദേവസ്വംബോര്‍ഡ് വിലയിരുത്തിയിരുന്നു.
മാത്രമല്ല തിരക്കുള്ള സമയമായതിനാല്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ മറ്റ് ക്രമീകരണങ്ങള്‍ക്ക് സമയക്കുറവുണ്ടെന്നും പൊലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ വിവരം സര്‍ക്കാര്‍ രാഷ്‌ട്രപതി ഭവനില്‍ അറിയിക്കുകയും തുടര്‍ന്ന്‍ രാഷ്‌ട്രപതി ശബരിമല സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു.










































