തിരുവനന്തപുരം: നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനം പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തെ ഭയന്നതിനാലാണെന്ന് രമേശ് ചെന്നിത്തല
നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് അവിശ്വസപ്രമേയത്തിനുള്ള നോട്ടീസ് നൽകി ഇത്ര ദിവസമായിട്ടും നിയമസഭാ സെക്രട്ടറിയേറ്റ് അത് ബുളളറ്റിൻ ആയി പ്രസിദ്ധീകരിച്ചിട്ടില്ല എന്നും പറഞ്ഞു.
നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ കാരണങ്ങളാലാണ്. സർക്കാരിനെതിരെ ഉയർന്നുവരുന്ന അവിശ്വാസപ്രമേയം പിൻതാങ്ങാൻ ഇടതുമുന്നണിയിലെ പല ഘടക കക്ഷികൾക്കും പ്രയാസമുണ്ടെന്ന വസ്തുത കൂടി കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭാ സമ്മേളനം മാറ്റിവെച്ചാലും സംസ്ഥാന മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്നും പ്രതിപക്ഷം പിന്നോട്ടില്ല. ധാർമികമായി കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു. അഴിമതിയും തീവെട്ടിക്കൊള്ളയും നടത്തുന്ന സർക്കാരിനെതിരായുള്ള പോരാട്ടം പ്രതിപക്ഷം ശക്തമായി തുടരും. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. സ്വർണക്കടത്ത് ഉൾപ്പെടെയുളള കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി രാജിവെച്ച് സിബിഐ ( CBI) അന്വേഷണം നേരിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ നെതർലണ്ട്സ് യാത്രയ്ക്ക് സഹായിച്ച ഒരു കമ്പനിയെ റീബിൽഡ് കേരളയുടെ കൺസൾട്ടൻസിയായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നാണ് അറിയുന്നത്. ഇതോണോ ഒരു കമ്പനിയെ കൺസൾട്ടൻസി ആയി നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്ന് വ്യക്തമാക്കണം. ഈ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കമ്മീഷണർക്ക് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യോഗം എകെജി സെന്ററിൽ വിളിച്ചു ചേർത്തത് ഗുരുതരമായ ചട്ടലംഘനമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം എകെജി സെന്ററില്‍ ചേരുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ട്രിപ്പിൾ lock down പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം സാമൂഹിക അകലം പാലിച്ചുകൊണ്ട് സീറ്റുകൾ ക്രമീകരിച്ച് നടത്താൻ തീരുമാനിച്ചത്. അതിനിടയിലാണ് സ്വർണക്കടത്ത് കേസ് വരുന്നതും മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറുമുൾപ്പെടെ സംശയത്തിന്‍റെ നിഴലിലായതും. സ്വർണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സർക്കാരിനെതിരെയുള്ള അവിശ്വസപ്രമേയവും സ്പീക്കറെ മാറ്റണമെന്ന പ്രമേയവും നൽകിയത്. എന്നാല്‍, തലസ്ഥാനത്ത് കോവിഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്ന കാരണത്താലാണ് സര്‍ക്കാര്‍ നിയമസഭാ സമ്മേളനം മാറ്റിവച്ചത്.
ഈ മാസം 27നായിരുന്നു ഒരു ദിവസത്തേയ്ക്ക് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്. ധനബിൽ പാസാക്കുക എന്നതായിരുന്നു സമ്മേളനത്തിന്‍റെ ഉദ്ദേശ്യം. ഏപ്രില്‍ 1ന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം 30തോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു സമ്മേളനത്തിന്‍റെ മുഖ്യ അജണ്ട.








































