തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. ‘സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു’ എന്നാണ് രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ ആദ്യ പ്രതികരണം.
വിധിയുടെ വിശദാംശങ്ങൾ മുഴുവൻ അറിഞ്ഞിട്ടില്ല, നിയമ വിദഗ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം പ്രതികരിച്ചു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ അവകാശമുണ്ടെന്ന രാജകുടുംബത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. നിബന്ധനകളോടെയാണ് സുപ്രീംകോടതി ഇക്കാര്യം അംഗീകരിച്ചത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നല്‍കി.
പുതിയ ഭരണസമിതി രൂപീകരിക്കുന്നതുവരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയര്‍പേഴ്‌സണ്‍ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതിക്ക് തീരുമാനിക്കാം.
ജസ്റ്റിസുമാരായ യു യു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു യു ലളിതാണ് വിധി പ്രസ്താവം നടത്തിയത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നു