ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ചില്‍ വാദം തുടങ്ങും.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍ ജസ്റ്റിസ് ആര്‍. ഭാനുമതി മാത്രമാണ് ഏക വനിതാ അംഗം.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു, മോഹന്‍ എം ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങള്‍.ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ബഞ്ചിലെ ഒരംഗങ്ങളും അതായത് എതിർവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയടക്കം ആരും പുതിയ ബഞ്ചിലില്ല എന്ന കാര്യം ശ്രദ്ധേയമാണ്.ഹര്‍ജികളുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേൾക്കണമെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്.ശബരിമല യുവതി പ്രവേശനം ആദ്യം പരിഗണിച്ച ബഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ്, റോഹിന്‍ടണ്‍ നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ഉണ്ടായിരുന്നത്.നാല് ജസ്റ്റിസും ശബരിമലയില്‍ യുവതീ പ്രവേശനമാകാമെന്നും ആരാധനയ്ക്ക് തുല്യാവകാശമുണ്ടെന്നുമുള്ള ചരിത്ര വിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ഈ വിധിയെ എതിര്‍ത്തത്.
ശേഷം ഒന്നിനെതിരെ നാല് എന്ന തരത്തില്‍ ഭൂരിപക്ഷ വിധിയില്‍ 2018 സെപ്റ്റംബര്‍ 28 ന് യുവതിപ്രവേശനമാകാം എന്ന ചരിത്രവിധി പുറപ്പെടുവിക്കുകയും ചെയ്തു.എന്നാൽ ഈ വിധിക്കെതിരെ 56 പുന:പരിശോധനാ ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. തുടർന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പുന:പരിശോധനാ ഹർജികളെല്ലാം തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനിച്ചു. ബന്ധപ്പെട്ടവരുടെ വാദം കേട്ട ചീഫ് ജസ്റ്റിസ് വിധി പുന:പരിശോധിക്കാൻ തീരുമാനിച്ചു. പിന്നീട് എത്തിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയാണ് കേസ് വിശാല ബഞ്ചിന്‍റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചത്.