gnn24x7

സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിട്ട് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

0
207
gnn24x7

കൊച്ചി: സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിട്ട് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.

ജൂലൈ 22 ന് മുന്‍പ് സ്ഥാപനങ്ങളുടെ പ്രതിനിധികളെയും യൂണിയന്‍ പ്രതിനിധികളെയും വിളിച്ചുചേര്‍ത്ത് തീരുമാനം ഉണ്ടാക്കാന്‍ ജസ്റ്റിസ് അമിത് റാവല്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ഇത്തരത്തില്‍ എടുക്കുന്ന തീരുമാനം രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി സോഹന്‍ കോടതിയെ അറിയിച്ചു.

കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ജനറല്‍ സെക്രട്ടറി ഇ. എസ് സുഭാഷായിരുന്നു ഹരജി ഫയല്‍ ചെയ്തത്. നേരത്തെ യൂണിയന്‍ കൂടി മുന്‍കൈയെടുത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ 53 കോടി രൂപ മാധ്യമങ്ങള്‍ക്ക് പരസ്യകുടിശ്ശികയിനത്തില്‍ കൈമാറിയിരുന്നു.

ഈ തുക ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയിനത്തില്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചെങ്കിലും ഭൂരിഭാഗം മാനേജുമെന്റുകള്‍ ഇതിനു തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് യൂണിയന്‍ കോടതിയെ സമീപിച്ചത്.

ശമ്പളം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുറമെ പ്രിന്‍സിപ്പല്‍ സെകട്ടറി, ലേബര്‍ കമ്മീഷണര്‍, പി.ആര്‍.ഡി ഡയറക്ടര്‍, ഡയറക്ടര്‍ ഓഫ് പ്രസ് തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഇതേയാവശ്യം മുന്‍നിര്‍ത്തി മഹാരാഷ്ട്രയിലെ മാധ്യമ യൂണിയനുകള്‍ നല്‍കിയ ഹര്‍ജി മഹാരാഷ്ട്ര ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കര്‍ണാടകയിലും മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.Tags:

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here