തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഷാഫി പറമ്പിൽ എം.എൽ.എയെ തെരഞ്ഞെടുത്തു. കെ.എസ് ശബരീനാഥൻ എം.എൽ.എ, എൻ.എസ് നുസൂർ, എസ്.ജെ പ്രേംരാജ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എസ്.എം ബാലു എന്നിവരാണ് വൈസ് പ്രസിഡൻറുമാർ.
വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ നേരത്തെ തന്നെ സമവായത്തിലെത്തിയിരുന്നു. എ, ഐ ഗ്രൂപ്പുകളിലെ മൂന്ന് പേരെ വീതമാണ് വൈസ് പ്രസിഡന്റുമാരാക്കിയത്. ഓൺലൈൻ വോട്ടെടുപ്പിന്റെ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹി പട്ടിക പുറത്ത് വരുമ്പോൾ എട്ട് ജില്ലകളിൽ എ ഗ്രൂപ്പും ആറ് ജില്ലകളിൽ ഐ ഗ്രൂപ്പും വിജിയിച്ചു. ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഐ ഗ്രൂപ്പിൽ ചെന്നിത്തല, വേണുഗോപാൽ പക്ഷങ്ങൾ തമ്മിൽ വാശിയേറിയ മത്സരമാണ് നടന്നത്. രണ്ടിടത്തും ചെന്നിത്തല അനുകൂലികൾ വിജയിച്ചു. എ ഗ്രൂപ്പിന്റെ വോട്ടുകളും ലഭിച്ചതാണ് ചെന്നിത്തല വിഭാഗത്തിന് തുണയായത്.
ആലപ്പുഴയിൽ കെ. ടിജിൻ ജോസഫും, കാസർകോട് ബി.പി പ്രദീപ് കുമാറും ജില്ലാ പ്രസിഡന്റുമാരായി. 12665 വോട്ട് നേടിയ ടിറ്റു ആന്റണിയാണ് എറണാകുളം ജില്ലാ പ്രസിഡന്റ്.
62 സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 117 പേരാണ് മത്സരിച്ചത്. സമവായത്തിലെത്താൻ കഴിയാതിരുന്ന 64 നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും പ്രസിദ്ധീകരിച്ചു.മൊബൈല്‍ ആപ്ലിക്കേഷനിൽ ഓൺലൈനായാണ് വോട്ടെടുപ്പ് നടത്തിയത്. അംഗത്വമെടുത്തപ്പോഴുളള ഫോൺ നമ്പറും അതിൽ ലഭിക്കുന്ന ഒറ്റ തവണ പാസ് വേഡും ഉപയോഗിച്ചായിരുന്നു വോട്ടിങ്. അതേസമയം തെരഞ്ഞെടുപ്പ് രീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിച്ചതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു. ഡിസിസി ഓഫീസുകളിൽ വോട്ടു ചെയ്യുന്നതായിരുന്നു പഴയ രീതി.










































