തിരുവനന്തപുരം: ലോക്ക് ഡൗണില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യമാര്‍ക്ക് മാത്രമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ആളുകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എല്ലായിടവും ശാന്തമാകുന്നതുവരെ കേരളത്തിലെ ജാഗ്രത തുടരണം. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവകള്‍ അത്യാവശ്യക്കാര്‍ക്ക് മാത്രമാണ്. കര്‍ശന നിയന്ത്രണങ്ങള്‍ കുറച്ചു നാള്‍ കൂടി നമ്മള്‍ തുടരേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയാല്‍ വീണ്ടും നിയന്ത്രണം തുടരേണ്ടി വരുമെന്ന് നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസും പറഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
അതിനിടെ ലോക്ക് ഡൗണ്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം വന്നതോടെ ഇളവുകള്‍ കേരളം തിരുത്തിയിരുന്നു. ബാര്‍ബര്‍ ഷോപ്പുകളും ഹോട്ടലുകളും തുറക്കാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. വര്‍ക്ക് ഷോപ്പുകള്‍ നിയന്ത്രിച്ച് തുറക്കുന്നതിനായി കേന്ദ്രത്തില്‍ നിന്ന് അനുമതി തേടും. ഇരുചക്രവാഹനത്തില്‍ രണ്ട് പേരെ അനുവദിക്കില്ല.
ലോക്ക് ഡൗണ്‍ ഇളവുമായി ബന്ധപ്പെട്ട് മറുപടി നല്‍കാനും പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനത്തിന് പിന്നാലെയായിരുന്നു പുതുക്കിയ മാര്‍ഗ നിര്‍ദേശം പുറത്തിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
കേരളം ബാര്‍ബര്‍ ഷോപ്പുകള്‍ക്കും, വര്‍ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. ഇക്കാര്യത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.
പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.