കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതിയായ സഹൽ(22) ആണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യു കൊല്ലപ്പെട്ട് രണ്ട് വർഷം ആകുന്നതിനിടയിലാണ് പ്രധാന പ്രതി കോടതിയിൽ കീഴടങ്ങുന്നത്.
അഭിമന്യുവിനെ കുത്തിയത് സഹൽ ആയിരുന്നു. നേരത്തേ, കേസിലെ മുഖ്യപ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കോടതിയിൽ കീഴടങ്ങിയിരുന്നു.
2018 ജൂലൈ 2ന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്. അഭിമന്യുവിനൊപ്പം സുഹൃത്ത് അർജുനും കുത്തേറ്റിരുന്നു. അര്‍ജുനെ കുത്തിയത് ഷഹീമാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കോളേജിലെ ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വയറിന് കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കുകളോടെ രക്ഷപെട്ട അര്‍ജുന്‍ ചികിത്സയ്ക്കുശേഷം കോളേജിൽ മടങ്ങിയെത്തിയിരുന്നു.







































