gnn24x7

‘പരാതിക്കാരി ധരിച്ചത് ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ’; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

0
216
gnn24x7

ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണം വിവാദത്തിൽ. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിൽ പറയുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. ജാമ്യാപേക്ഷയോടൊപ്പം പരാതിക്കാരിയുടെ ചിത്രങ്ങളും സിവിക് ചന്ദ്രൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

“ജാമ്യാപേക്ഷയോടൊപ്പം കുറ്റാരോപിതൻ സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ല.”- വിധിന്യായത്തിൽ കോടതി പറയുന്നു.74കാരനായ, ശാരീരികമായി ദുർബലനായ പരാതിക്കാരൻ പരാതിക്കാരിയെ നിർബന്ധപൂർവം മടിയിൽ കിടത്തി ലൈംഗികാതിക്രമം നടത്തിയെന്നത് അവിശ്വസനീയമാണെന്നും കോടതി പറഞ്ഞു.

2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് സിവിക്കിനെതിരായ രണ്ടാമത്തെ കേസ്. യുവകവയിത്രിയുടെ പരാതിയിലായിരുന്നു ആദ്യകേസ്. 2021ഏപ്രിലിൽ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയിൽ ഒത്തുകൂടിയപ്പോഴാണ് സംഭവമെന്നായിരുന്നു പരാതി. രണ്ടുകേസുകളും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും സിവിക്കിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

ആദ്യ കേസിൽ പ്രതിക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകാനാണ് അതിജീവിതയുടെ തീരുമാനം. രണ്ടാമത്തെ കേസിൽ ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. ദളിതർക്ക് വേണ്ടി പൊതുസമൂഹത്തിൽ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും, ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക്കിന് ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here