പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്നുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ഓങ്ങല്ലൂർ നമ്പാടം കോളനി സ്വദേശികളായ ബാദുഷ, ഷാജഹാൻ, സാബിറ എന്നിവരാണ് മരിച്ചത്. ഇവരുടെ ഉമ്മ നബീസയ്ക്കും പൊള്ളലേറ്റിരുന്നു. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അടുക്കളയിലെ ഗ്യാസിൽ നിന്നുമുണ്ടായ വാതക ചോർച്ചയാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവത്തിൽ വീട് ഭാഗികമായി തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.
ഓങ്ങല്ലൂർ നമ്പാടം കോളനിയിലെ ചുങ്കത്ത് നബീസയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്നുമാണ് തീ പടർന്നത്. ഗ്യാസ് ലീക്കായി വീട് മുഴുവൻ നിറഞ്ഞിരുന്നു. ഇതിനിടയിൽ ലൈറ്റിടുകയോ മറ്റോ ചെയ്തപ്പോൾ തീ പടർന്നതാകാം എന്നാണ് പ്രാഥമികനിഗമനം.
ഈ സമയം നബീസയും മൂന്നു മക്കളുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പൊള്ളലേറ്റ നാലുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇളയ മകൻ ബാദുഷയാണ് ആദ്യം മരണമടഞ്ഞത്. നബീസയും മറ്റു മക്കളായ ഷാജഹാൻ, സാബിറ എന്നിവരും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.
അപകടത്തിൽ ആസ്പറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു. വീടിനുള്ളിലെ സാധന സാമഗ്രികളും സാധനങ്ങളും വാതിലുകളും തീപിടുത്തത്തിൽ നശിച്ചു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി. തുടർന്ന് ഷൊർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു.