തിരുവനന്തപുരം: തിരുപ്പൂർ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും കൃഷി മന്ത്രി വി എസ് സുനിൽകുമാറും തിരുപ്പൂരിലേക്ക് തിരിക്കും. തമിഴ് നാട്ടിലെത്തി ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ഇരുവർക്കും നിർദേശം നൽകി.
വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണെന്നാണ്.മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്നി റാഫേല്‍ (39), റോസ്‌ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്.
ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ എറണാകുളത്തേക്ക് 25 പേരും, തൃശ്ശൂരേക്ക് 19 പേരും, പാലക്കാട്ടേക്ക് നാലുപേരുമാണ് റിസര്‍വ് ചെയ്തിരുന്നത്. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരുഭാഗം ഏതാണ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ഇവരില്‍ ചിലരുടെ ശരീരഭാഗങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്‌നര്‍ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങള്‍ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റി.