തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ ഇന്ന് യു.എ.ഇ കോൺസുലേറ്റ് വഴി യു.എ.ഇ സർക്കാരിനു കീഴിൽ ഡ്രൈവറായെന്നു വെളിപ്പെടുത്തൽ. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന സി.അജിയാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി യു.എ.ഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായത്. യുഎഇ കോൺസുലേറ്റ് വഴി യുഎഇ സര്‍ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നും കേസില്‍ നീതി തേടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവർത്തകൻ അരുൺ കുമാർ ആവശ്യപ്പെട്ടു.
“ബാലഭാസ്കറിന്റെ കാറിനു പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നൽകുകയും ചെയ്തു. പുറത്തുവന്ന സ്വർണക്കള്ളക്കടത്തുകേസ് കൂട്ടി വായിക്കുമ്പോൾ ദുരൂഹതകൾ ഏറുകയാണെന്നും യുഎഇ കോൺസുലേറ്റ് വഴി യുഎഇ സര്‍ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണം”-അരുൺ കുമാർ ആവശ്യപ്പെട്ടു.
ഇതിനിടെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ ഏതാനും ദിവസങ്ങൾക്ക് മുൻപ് കോടതിയെ സമീപിച്ചിരുന്നു. അപകട സമയത്ത് കാർ ഓടിച്ചത് ബാലഭാസകറായിരുന്നെന്നാണ് ഹർജിയിലെ വാദം.
അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിട്ടുണ്ട്. ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസിലെ 25 പേര്‍ ഇപ്പോഴും ഒളിവിലാണ് എട്ടു പേര്‍ക്കെതിരെ കൊഫേപോസ ചുമത്തിയെങ്കിലും രണ്ടു പേര്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങിയതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി.
കേരളത്തിലേക്ക് 700 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഈ സ്വര്‍ണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കും. കോൺസുലേറ്റ് സ്വര്‍ണക്കടത്തിനു മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയായിരുന്നു അത്. കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം 9 പേരാണ് അന്ന് അറസ്റ്റിലായത്.







































