തിരുവനന്തപുരം: എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളായ എ.എ.റഹീമും പി.സന്തോഷ് കുമാറും നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും എൽഡിഎഫ് കൺവീനർ എ.വിജരാഘവന്റെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.
രാജ്യസഭയിലേക്കുള്ള മൂന്നു സീറ്റുകളിൽ വിജയം ഉറപ്പായ രണ്ടെണ്ണത്തിൽ സിപിഎമ്മും സിപിഐയുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. സിപിഎം സ്ഥാനാർഥിയായ എ.എ.റഹീം സംസ്ഥാന സമിതി അംഗവും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമാണ്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി.സന്തോഷ് കുമാർ. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടന മൂല്യങ്ങളും ഉയർത്തി പിടിക്കുമെന്ന് ഇരു സ്ഥാനാർഥികളും പറഞ്ഞു.