കൊച്ചി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് വ്യവസായിയും നോർക്ക് റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലി. കൊല്ലപെട്ടയാളുടെ കുടുംബാംഗങ്ങളെല്ലാം മാപ്പപേക്ഷയ്ക്ക് അനുമതി നൽകണമെന്നുള്ളതാണ് മോചനം വൈകിപ്പിക്കുന്നത്. പ്രശ്നപരിഹാരത്തിനായി യെമനില്‍ നിന്നുള്ളവരെ അടക്കം ഉൾപ്പെടുത്തി നവംബർ 9ന് ദുബായിൽ യോഗം വിളിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചു.
പിറന്നാൾ ആശംസ അറിയിക്കാൻ എത്തിയപ്പോൾ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യൂസഫലിയോട് നിമിഷപ്രിയയുടെ മോചനത്തിന്‍റെ വിശദാംശങ്ങൾ തേടിയിരുന്നു. യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും എം എ യൂസഫലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കറും അറിയിച്ചിരുന്നു.





































