gnn24x7

തൃശ്ശൂരിൽ നേരിയ ഭൂചലനം; ആശങ്കയിൽ നാട്ടുകാർ

0
343
gnn24x7

തൃശ്ശൂർ: തൃശ്ശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാട്ടുകാർ ആശങ്കയിലാണ്. വിവരമറിഞ്ഞ് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ സ്ഥലങ്ങൾ ഉടൻ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നാല് വർഷം മുൻപും സമാനമായ രീതിയിൽ തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2018 സെപ്തംബർ 17ന് രാത്രിയായിരുന്നു സംഭവം. തൃശ്ശൂർ, ഒല്ലൂർ, ലാല്ലൂർ, കണ്ണൻകുളങ്ങര, കൂർക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലാണ് അന്ന് രാത്രി 11.30 യോടെ ഭൂചലനം അനുഭവപ്പെട്ടത്. ഒരു സെക്കന്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന അന്നത്തെ ഭൂചലനത്തിൽ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.

അതേസമയം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഓറഞ്ച് അലർട്ടാണ് ജില്ലയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. പീച്ചി ഡാം റോഡിൽ രാവിലെ ആറരയോടെ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സ് മരം മുറിച്ചു മാറ്റി. ശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടർന്ന് പറപ്പൂർ – ചാലയ്ക്കൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മഠത്തിന് സമീപം റോഡരികിൽ നിന്ന തേക്ക് മരമാണ് വീണത്. പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7