വാഷിങ്ടൻ: അതിർത്തിയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് അംബാസഡർ എറിക് മൈക്കിൾ ഗാർസെറ്റി. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാനും രാജ്യത്തെ അക്രമങ്ങൾ കുറയ്ക്കാനും പ്രവർത്തിക്കും. വെല്ലുവിളികൾ ഉയർത്തുന്ന അയൽ രാജ്യങ്ങൾക്കു സമീപമാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ലൊസാഞ്ചലസിന്റെ മേയറായ ഗാർസെറ്റി, പ്രസിഡന്റ് ജോ ബൈഡന്റെ വിശ്വസ്തൻ കൂടിയാണ്. ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡറായി നിയമിതനാകുന്ന കാര്യം സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘വെല്ലുവിളി നിറഞ്ഞ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു ചുറ്റും. അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കാൻ ഇപ്പോൾ യുഎസ് നൽകുന്ന സഹായം ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുന്നതിനായും പ്രവർത്തിക്കും. വിവരങ്ങളുടെ കൈമാറ്റം, തീവ്രവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ തന്ത്രപ്രധാന കാര്യങ്ങളിൽ പരസ്പര സഹകരണം വർധിപ്പിക്കും. ഇന്ത്യൻ വംശജരായ 40 ലക്ഷം ആളുകളാണു യുഎസിലുള്ളത്. ഇതാണ് ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണി.





































