ന്യൂയോര്‍ക്ക്: ക്രിസ്മസ് വാരാന്ത്യത്തില്‍ ഒമിക്രോണ്‍ വ്യാപനം കാരണം 4,500-ലധികം വാണിജ്യ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫ്ലൈറ്റ് അവയര്‍ ഡോട്ട്കോമിന്‍റെ കണക്കനുസരിച്ച് പൊതുവെ തിരക്കുള്ള ക്രിസ്മസ് രാവില്‍ പോലും 2500-ലധികം വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ആഘോഷദിവസങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കാനുള്ള സ്ഥാപനങ്ങളുടെ തീരുമാനവും 10,000 ലധികം വിമാനങ്ങള്‍ വൈകിയെത്തിയതും അവധിക്കാല യാത്രക്കാര്‍ക്കിടയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചത്.
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വിമാനജീവനക്കാരുടെ ക്ഷാമമാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് പ്രകാരം റദ്ദാക്കിയ വിമാനങ്ങളുടെ നാലിലൊന്നും അമേരിക്കകത്തും പുറത്തുമുള്ള വിമാനങ്ങളാണ്. ജീവനക്കാര്‍ക്കിടയില്‍ രോഗം വ്യാപിച്ചതും ക്വാറന്‍റീനില്‍ ആയതുമാണ് വിമാന റദ്ദാക്കലിന് കാരണമായി ബ്രിട്ടനും പറയുന്നത്. ജീവനക്കാരില്‍ ഭൂരിഭാഗത്തിനും രോഗം ബാധിച്ച് ക്വാറന്‍റീനില്‍ പോകേണ്ടിവന്നിട്ടുണ്ടെന്ന് ആസ്‌ട്രേലിയന്‍ വിമാന സര്‍വീസായ ജെറ്റ്‌സ്റ്റാറും അഭിപ്രായപ്പെട്ടു. ഇത് അവസാന നിമിഷ വിമാന റദ്ദാക്കലിനും കാലതാമസത്തിനുമിടയാക്കിയിട്ടുണ്ട്.
ബെത്‌ലഹേം, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് ലണ്ടനിലേക്കും ബോസ്റ്റണിലേക്കുമുള്ള പള്ളികളിലേക്ക് പോകാനുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ കാരണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്രിസ്‌മസ് ആഘോഷങ്ങളുടെ ആരവങ്ങള്‍ കുറഞ്ഞു.