തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. ശ്രീലേഖ അടുത്തിടെ നൽകിയ അഭിമുഖത്തിലെ പരാമർശങ്ങള്‍ക്കെതിരെയാണ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജുവിൻെറ ഫേസ്ബുക്ക് പോസ്റ്റ്. സേനയിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്നും മുൻ ഡിഐജി ഒരു വനിതാ എസ്ഐയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. സേനയിലെ വനിതകളുടെ ആത്മാഭിമാനം നശിപ്പിക്കുന്ന പ്രസ്താവനയാണ് മുൻ ഡിജിപി നടത്തിയെന്ന് സി ആർ ബിജു കുറ്റപ്പെടുത്തി.
രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബങ്ങളിൽ പോലും പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിലാണ് ഡിജിപി പ്രസ്താവന നടത്തിയത്. മുൻ ഡിഐജിക്കെതിരെ എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സംഘടനയുടെ ചോദ്യം. മുൻ ഡിഐജിയെന്ന് മാത്രം പറഞ്ഞതിനാൽ വിരമിച്ച പല ഉദ്യോഗസ്ഥരും സംശയത്തിന്‍റെ നിഴലിലാവുകയാണ്. സർവ്വീസിലിരിക്കെ ഒന്നും ചെയ്യാതെ വിരാചിച്ച ശേഷം അതിരു കടന്ന വാക്കു പറഞ്ഞ് നടക്കരുതെന്നും സംഘടന ജനറൽ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.