gnn24x7

ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന; ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ

0
173
gnn24x7

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടത്തിയ സംഭവത്തില്‍ തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ. ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദുവിനെയാണ് സസ്പെന്‍റ് ചെയ്തത്. സെപ്റ്റംബർ 29 നാണ് ഓഫീസിലെ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന നടത്തിയത്. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും നിര്‍ദേശം നല്‍കിയിരുന്നു.

തൃശ്ശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടത്തിയത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രാര്‍ത്ഥന. ഓഫീസ് സമയം തീരും മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നെഗറ്റീവ് എനർജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടന്നത്. ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥന നടന്നത്. അഞ്ച് മിനിട്ടുകൊണ്ട് പ്രാര്‍ത്ഥന അവസാനിച്ചെങ്കിലും ഓഫീസില്‍ നിന്ന് കരാര്‍ ജീവനക്കാര്‍ വിട്ടു പോകാന്‍ തുടങ്ങിയതോടെയാണ് പ്രാര്‍ത്ഥന ഫലിക്കുകയാണോ എന്ന് കളിയാക്കല്‍ വന്ന് തുടങ്ങിയത്. ഇതോടെ ആ ഓഫീസിലെ ഏഴുപേര്‍ മാത്രം അറിഞ്ഞ രഹസ്യ പ്രാര്‍ത്ഥനയുടെ വിവരം പുറത്താവുകയായിരുന്നു. മാനസിക സംഘര്‍ഷം മാറാന്‍ പ്രാര്‍ത്ഥന നല്ലതാണെന്ന് സഹപ്രവര്‍ത്തകനായ വൈദിക വിദ്യാര്‍ത്ഥി പറഞ്ഞപ്പോള്‍ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസറുടെ പ്രതികരണം. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7