തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ സമരക്കാർ പ്രതിഷേധിച്ചു. ജീവനക്കാരെ ഗേറ്റിനു മുന്നിൽ തടഞ്ഞു.
കോഴിക്കോട് കാരന്തൂർ, കുന്നമംഗലം, അണ്ടിക്കോട് എന്നിവിടങ്ങളിൽ തുറന്ന കടകൾ അടപ്പിച്ചു. കുന്നമംഗലം അങ്ങാടിയിൽ 20 ഓളം കടകൾ അടപ്പിച്ചു. കാരന്തൂറിൽ പെട്രോൾ പമ്പും അടപ്പിച്ചു. കോഴിക്കോട് പാളയം മാർക്കറ്റിൽ പച്ചക്കറി കടകൾ തുറക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചു. കെഎസ്ആർടിസി ഇന്നും സർവീസ് നടത്തുന്നില്ല.
സംസ്ഥാനത്ത് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജിയും ജനറൽ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു. അതേസമയം, പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞ് സംസ്ഥാന സർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജർ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങൾ ഒരുക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ നിർദേശം നൽകി.