ഡൽഹി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഇന്ന് യുഎസ് ഡോളറിനെതിരെ 79.1475 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ 79.5225 ലായിരുന്നു രൂപയുടെ മൂല്യം. ഇതോടെ ഓഗസ്റ്റ് 5 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് രൂപ.
ചൈനീസ് യുവാനും ഇന്തോനേഷ്യൻ റുപിയയും ഉയർച്ച നേടിയിട്ടില്ല. ആഗോള സൂചികകളിൽ ഇന്ത്യൻ ബോണ്ടുകൾ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയും എണ്ണവില കുറഞ്ഞതുമാണ് രൂപയെ തുണച്ചത്. ഒപ്പം വിദേശ നിക്ഷേപം കൂടിയതും രൂപയ്ക്ക് തുണയായി.
ഈ വർഷം ആഗോള സൂചികകളിൽ ഇന്ത്യൻ ബോണ്ടുകൾ ഉൾപ്പെടുത്തുമെന്ന് മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, വിദേശ നിക്ഷേപം ഉയർന്നു. ഇതുവരെ 1 ബില്യൺ ഡോളർ നിക്ഷേപമുണ്ടായി.
യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തു വിടുന്നത് പ്രതീക്ഷിച്ച് ഇന്ന് ഡോളർ തളർന്നു. അതേസമയം ഇന്ത്യൻ ഇക്വിറ്റികൾ ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. വിപണിയിൽ ഇന്ന് രണ്ട് സൂചികകളും അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.





































