മുംബൈ: ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് താരം ഷാരൂഖ് ഖാൻ എത്തി. ആർതർ റോഡ് ജയിലിലെത്തിയാണ് ഷാരൂഖ് മകനെ കണ്ടത്. ഒക്ടോബർ 2ന് ആര്യൻ അറസ്റ്റിലായ ശേഷം ഇത് ആദ്യമായാണ് ഷാരൂഖ് മകനെ കാണാൻ നേരിട്ടെത്തുന്നത്.
20 മിനിട്ടോളം ഷാരൂഖ് ജയിലിൽ ചെലവഴിച്ചു. ആര്യനെ കണ്ട് ഉടൻതന്നെ മടങ്ങുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങളിൽ മഹാരാഷ്ട്ര സർക്കാർ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖിന് ജയിലിലെത്തി മകനെ സന്ദർശിക്കാൻ സാധിച്ചത്.
നേരത്തെ വീഡിയോ കോളിലൂടെ ആര്യൻ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ജയിലിലാണ് ആര്യൻ. ഇതോടെ ജാമ്യത്തിനായി ആര്യന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.





































