വര്‍ക്കല: കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിന് കാരണം സ്വിച്ച് ബോര്‍ഡിലെ തകരാറെന്ന് അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട്. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടര്‍ന്നു. ഹാളില്‍നിന്ന് പുക മുറികളില്‍ പടര്‍ന്നു. ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, തീപിടിത്തത്തിന്റെ കാരണം അറിയില്ലെന്നാണ് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന നിഹുലിന്റെ മൊഴി. അയല്‍വീട്ടില്‍നിന്ന് ഫോണ്‍ വന്നപ്പോഴാണ് തീപിടിത്തം അറിയുന്നത്. വീടിന് പുറത്ത് പുകയും തീയും ഉയരുന്നതാണ് ആദ്യം കണ്ടതെന്നും നിഹുൽ പൊലീസിന് മൊഴി നല്‍കി. അപകടം ആസൂത്രിതമല്ലെന്ന നിഗമനം ശരിവയ്ക്കുന്നതാണ് നിഹുലിന്റെ മൊഴിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
മാർച്ച് എട്ടിനു പുലർച്ചെയുണ്ടായ തീപിടിത്തത്തിലാണ് വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബം മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഹില്‍ (25), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ നിഹുല്‍ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്തമകന്‍ രാഹുലും കുടുംബവും വിദേശത്തായിരുന്നു. പുലർച്ചെ ഒന്നരയോടെ അയൽവാസി കെ.ശശാങ്കനാണ് പ്രതാപന്റെ വീടിന്റെ കാർപോർച്ചിനു തീപിടിച്ചതുകണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ വീടിനു ചുറ്റും എത്തുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന നാലു ബൈക്കും കത്തിയിരുന്നു. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിലേക്കു കയറിയത്.