ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളിന്മേലുള്ള ഉറപ്പ് കേന്ദ്രസർക്കാർ എഴുതി നൽകി. അംഗീകരിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്നു കേന്ദ്രം കർഷകരെ അറിയിച്ചതിനെ തുടർന്ന് സംയുക്ത കിസാൻ മോർച്ച യോഗത്തിൽ ചർച്ച ചെയ്തു സമരം തുടരണോ നിർത്തിവയ്ക്കണോ എന്ന കാര്യത്തിൽ കർഷകർ അന്തിമ തീരുമാനമെടുക്കും.
മിനിമം താങ്ങുവിലയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന ഉറപ്പ് കേന്ദ്രസർക്കാർ കർഷക സംഘടനകള്‍ക്കു നൽകിയെന്നു വിവരമുണ്ട്. കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾ, വിദഗ്ധർ, സംയുക്ത കിസാൻ മോർച്ച എന്നിവയിലെ പ്രതിനിധികൾ കമ്മിറ്റിയിലുണ്ടാകും. കർഷകർക്കെതിരെയെടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചെന്നാണ് അറിയുന്നത്. തുടർസമരത്തിന്റെ കാര്യത്തിൽ വാർത്താ സമ്മേളനം വിളിച്ച് കർഷകർ നിലപാട് അറിയിക്കുമെന്നാണു സൂചന.