ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിനേഷന്റെ എണ്ണം 86 കോടി പിന്നിട്ടു. കഴിഞ്ഞ 24മണിക്കൂറിൽ 38,18,362 ഡോസ് വാക്സിനുകളാണ് നൽകിയത്. ഇതോടെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്ക്കാലിക കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 86 കോടി (86,01,59,011 )യിലെത്തി. 84,07,679 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,621 പേർ സുഖം പ്രാപിച്ചു. രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,29,31,972 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.78% ആണ്.
തുടർച്ചയായ 92-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 26,041 പേർക്കാണ്. നിലവിൽ രാജ്യത്തു 2,99,620 പേർ ചികിത്സയിലുണ്ട്. ആകെ രോഗബാധിതരുടെ 0.89 ശതമാനമാണ് ചികിത്സയിലുള്ളത്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച് സാഹചര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,65,006 പരിശോധനകൾ നടത്തി. ആകെ 56.44 കോടിയിലേറെ (56,44,08,251) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.




































