തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നോട്ടീസ് നൽകിയേക്കും. ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസിമാർക്ക് കൂടിയാണ് നോട്ടീസ് നൽകുക. അതേസമയം രാജിവെക്കില്ലെന്ന നിലപാട് എടുത്ത് എംജി സർവകലാശാല വിസി രംഗത്ത് വന്നിട്ടുണ്ട്.
വൈസ് ചാൻസലർമാർ ആരും ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല. ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് നോട്ടീസ് ലഭിച്ച ഒൻപത് വിസിമാരുടേയും തീരുമാനം. സംസ്ഥാന സർക്കാർ കക്ഷിയല്ലാത്തതിനാൽ സ്വന്തം നിലയ്ക്കാവും വിസിമാർ കോടതിയെ സമീപിക്കുക. നിയമ വിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തും.
രാജിവെക്കാൻ വിസിമാർക്ക് ഗവർണർ നൽകിയ സമയം ഇന്ന് പതിനൊന്നരയ്ക്ക് അവസാനിക്കും. വി സി മാർ രാജി വെക്കേണ്ടേ എന്നാണ് സർക്കാർ നിർദേശം. രാജിയില്ലെങ്കിൽ ഒൻപത് പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കും. പുതിയ വി സി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകുമെന്നാണ് കരുതുന്നത്.