gnn24x7

ഔദ്യോഗിക യാത്രയിൽ ബിപിന്‍ റാവത്തിനൊപ്പം മധുലിക റാവത്ത് യാത്ര ചെയ്തത് എന്തിനായിരുന്നു?

0
474
gnn24x7

ന്യൂഡല്‍ഹി: കൂനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ടവരില്‍ ഒരാള്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്താണ്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഭാര്യ മധുലിക സൈനിക ഹെലികോപ്ടറില്‍ വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത് ഔദ്യോഗിക ചുമതലകള്‍ക്കായാണ്. സൈനികരുടെ ഭാര്യമാരുടെ സംഘടനയായ ‘ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ’ (എഡബ്ല്യുഡബ്ല്യുഎ) പ്രസിഡന്റ് പദവി വഹിക്കുന്നത് സംയുക്ത സേനാ മേധാവിയുടെ ഭാര്യയാണ്. സേനയുടെ ചടങ്ങുകളില്‍ മേധാവിക്കൊപ്പം പോകേണ്ടതും സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ആശയ വിനിമയം നടത്തേണ്ടതും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുക തുടങ്ങിയവ ഡിഡബ്ല്യുഡബ്ല്യുഎ പ്രസിഡന്റിന്റെ ചുമതലയാണ്. അസോസിയേഷന്‍ പ്രസിഡന്റെന്ന നിലയില്‍ സേനാ വിമാനങ്ങളിലും കോപ്റ്ററുകളിലും യാത്ര ചെയ്യാന്‍ ഇവര്‍ക്ക് അനുമതിയുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ എന്‍.ജി.ഒകളിലൊന്നാണ് സൈനികരുടെ ഭാര്യമാരുടെ സംഘടനയായ എ.ഡബ്ല്യൂ.ഡബ്ല്യൂ.എ. സൈനികരുടെ ഭാര്യമാര്‍, കുട്ടികള്‍, ആശ്രിതര്‍ എന്നിവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. നേരത്തെ സൈനികരുടെ വിധവകളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും മധുലിക റാവത്ത് സജീവമായിരുന്നു. സൈനികരുടെ ഭാര്യമാര്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിനായി നിരവധി സംരഭക പദ്ധതികള്‍ മധുലികയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജി ബിരുദധാരിയാണ് മധുലിക. എ.ഡബ്ല്യൂ.ഡബ്ല്യൂ.എയിലെ പ്രവര്‍ത്തനത്തിന് പുറമേ ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളും മധുലിക സജീവമായിരുന്നു.

മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് നേതാവ് മൃഗേന്ദ്ര സിങ്ങിന്റെ മകളാണ് മധ്യപ്രദേശിലെ ഷഹ്‌ദോല്‍ സ്വദേശിനിയായ മധുലിക. 1986ലായിരുന്നു ബിപിന്‍ റാവത്തുമായുള്ള വിവാഹം. കൃതിക, താരിണി എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് മധുലികയ്ക്കും ബിപിന്‍ റാവത്തിനുമുളളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here