മസ്‌കത്ത്: കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചു ദേവസ്സിയുടെ മകന്‍ ജോയ് (62) ആണ് മരിച്ചത്. കഴിഞ്ഞ 42 വര്‍ഷങ്ങളായി സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കോവിഡ് ബാധിച്ച് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. ഭാര്യ: മേഴ്സി. മകള്‍: സൗമ്യ, മരുമകന്‍: സിജോ.
1157 പുതിയ രോഗികൾ, 1232 രോഗമുക്തർ
ഒമാനില്‍ 1157 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 66,661 ആയി. പുതുതായി കോവിഡ് പരിശോധനാ ഫലം പോസിറ്റീവായവരില്‍ 933 പേര്‍ ഒമാന്‍ പൗരന്‍മാരും 224 പ്രവാസികള്‍ളുമാണ്.
24 മണിക്കൂറിനിടെ 1232 പേര്‍ക്ക് കൂടി കോവിഡ് ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 44,004 പേര്‍ രോഗമുക്തി നേടി. അതേസമയം, വൈറസ് ബാധിതരായി 10 പേര്‍ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 318 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 3,943 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 2,70,788 പേര്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. പുതിയതായി 85 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 585 കോവിഡ് രോഗികളാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ 165 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.