അബുദാബി: അബുദാബി ഹിന്ദുക്ഷേത്രത്തിന്റെ തറ നിർമാണത്തിന് ആഘോഷത്തോടെ തുടക്കമായി. ക്ഷേത്രത്തിന് സിമന്റുകൊണ്ട് അടിത്തറ പാകുന്ന ചടങ്ങാണ് നടന്നത്.
അബു മുറൈഖയിൽ നിർമാണസ്ഥലത്ത് വലിയരീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
നൂറോളം ട്രക്കുകളിൽനിന്ന് ഒരേസമയമാണ് വലിയ പൈപ്പുകൾ ഉപയോഗിച്ച് ഫ്ലൈ ആഷ് സിമന്‍റ് മിശ്രിതം തറയിലേക്ക് നിറച്ചത്.
നൂറുകണക്കിന് തൊഴിലാളികൾ 24 മണിക്കൂറും ക്ഷേത്രനിർമാണത്തിൽ സജീവമാണെന്ന് ബാപ്‌സ് വക്താവ് അറിയിച്ചു. ബാപ്‌സ് സന്ന്യാസിവര്യരും പൗരപ്രമുഖരുമടക്കം നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.
നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായിനടന്ന ചടങ്ങിൽ രാജസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്ര ശില്പനിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ വീഡിയോ ദൃശ്യങ്ങളിലൂടെ വിശദീകരിച്ചു.
ബാപ്‌സിന്‍റെ മറ്റ് ക്ഷേത്ര നിർമിതികളിൽനിന്ന് വ്യത്യസ്തമായി ക്ഷേത്രച്ചുവരിൽ ഒട്ടകങ്ങളുടെ ശില്പവും ഇവിടെ ഇടംപിടിക്കും.
മുഴുവൻ സെൻസർ നിയന്ത്രിതമായ നൂതന സജ്ജീകരണങ്ങളാണ് ക്ഷേത്രത്തിലുണ്ടാവുക. രാജസ്ഥാനിലെ ചുവന്ന കല്ലുകൾ ക്ഷേത്രത്തിന്‍റെ പുറം ചുവരുകളെ അലങ്കരിക്കുമ്പോൾ ഇറ്റലിയിലെ തൂവെള്ള മാർബിളുകൾ അകത്തളങ്ങൾക്ക് സൗന്ദര്യം പകരും.
ക്ഷേത്രത്തിന്റെ പ്രധാന നിർമിതിക്കു ശേഷം ചുറ്റിലും പുണ്യനദികളുടെ സംഗമത്തെ അനുസ്മരിപ്പിക്കുന്ന അരുവികളും സാംസ്കാരികകേന്ദ്രവും ലൈബ്രറിയുമടക്കമുള്ള മറ്റുനിർമിതികളുടെ നിർമാണവും ആരംഭിക്കുമെന്നും ചടങ്ങിൽ വിശദീകരിച്ചു.
ബാപ്‌സ് ഔദ്യോഗിക വക്താവ് സ്വാമി ബ്രഹ്മവിഹാരിദാസ് അധ്യക്ഷത വഹിച്ചു. ബാപ്‌സിന്റെ മുതിർന്ന സന്യാസിവര്യനും എൻജിനിയറുമായ അക്ഷയ് മുനിദാസ്, യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, ദുബായ് കോൺസൽ ജനറൽ വിപുൽ, യു.എ.ഇ. സാമൂഹികവികസനവകുപ്പ് സി.ഇ.ഒ. ഡോ. ഒമർ അൽ മുത്താന, ക്ഷേത്രനിർമാണം നടത്തുന്ന സ്ഥാപനമായ ഷാപൂർജി പല്ലോൻജി ആൻഡ് കമ്പനി ലിമിറ്റഡ് എം.ഡി. മോഹൻദാസ് സെയ്‌നി, ബാപ്‌സ് ഹിന്ദു മന്ദിർ ട്രസ്റ്റിമാരായ രോഹിത് പട്ടേൽ, യോഗേഷ് മെഹ്ത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.