ദോഹ: ഖത്തറിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന എല്ലാവരും കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ).
50,000 റിയാലിൽ അധികം പണമോ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയോ, സ്വർണം, വജ്രം ഉൾപ്പെടെയുള്ള വസ്തുക്കൾ, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവ കൈവശം വയ്ക്കുമ്പോൾ ഇത് സംബന്ധിച്ച സത്യവാങ്മൂലം (ഡിക്ലറേഷൻ ഫോം) പൂരിപ്പിച്ച് നൽകണമെന്നാണ് ക്യു സി എ എയുടെ നിർദേശം.നിർദേശം ഖത്തറിലെ എല്ലാ എയർലൈൻ കമ്പനികൾക്കും നൽകിയതായും ക്യു സി എ എ അറിയിച്ചു.
ഖത്തറിലേക്ക് പ്രവേശിക്കുന്നതിനും ഖത്തറിൽ നിന്ന് പുറപ്പെടുന്നതിനും മുമ്പായി ഇത്തരത്തിൽ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരം അധികൃതരെ ബോധിപ്പിക്കണമെന്ന കാര്യം യാത്രക്കാരെ അറിയിക്കണമെന്നാണ് എയർലൈനുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.ഖത്തർ കസ്റ്റംസ് ജനറൽ അതോറിറ്റിയുടെ നിർദേശങ്ങൾക്ക് അനുസൃതമായിരിക്കണം ഇതെന്നും അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും ഇത് ബാധകമായിരിക്കും. അതേസമയം തെറ്റായ വിവരങ്ങൾ നൽകുകയോ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്നത് കർശന നിയമനടപടികളിലേക്ക് നയിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഡിക്ലറേഷൻ ഫോം എല്ലാ വിമാനത്താവളങ്ങളിലെയും പുറപ്പെടൽ, ആഗമന കേന്ദ്രങ്ങളിലെ പ്രത്യേക കൗണ്ടറുകളിൽ ലഭ്യമായിരിക്കുമെന്നും ക്യു സി എ എ അറിയിച്ചു.