റിയാദ്: സൗദി അറേബ്യയിലെ ഒരു പ്രവാസിക്ക് ഫൈനല്‍ എക്സിറ്റ് വിസ നൽകുന്നത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ബില്ലുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൗദി അധികൃതർ അറിയിച്ചു. ഫൈനല്‍ എക്സിറ്റ് വിസ നൽകുന്നതിന് പ്രവാസിയുടെ എല്ലാ സാമ്പത്തിക കുടിശ്ശികയും പൂർണമായി അടയ്ക്കണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് കൂട്ടിച്ചേർത്തു.
ഈ വിസയില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കില്ല. അതിന്റെ രജിസ്‌ട്രേഷന്‍ മറ്റൊരാളിലേക്കു മാറ്റുകയോ വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുകയോ ചെയ്താൽ മാത്രമേ ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കുകയുള്ളൂ.
ഫൈനല്‍ എക്സിറ്റ് വിസയുടെ സാധുത ഇഷ്യു ചെയ്ത തീയതി മുതൽ 60 ദിവസമാണ്, ആ കാലയളവിൽ, രാജ്യത്തിൽ നിന്ന് പുറപ്പെടെണ്ടത് നിർബന്ധമാണ്. ഫൈനല്‍ എക്സിറ്റ് വിസയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകന്‍ സൗദിയില്‍ ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ.
ഫൈനൽ എക്സിറ്റ് വിസ നൽകുന്നതിന് ഫീസൊന്നും ആവശ്യമില്ലെന്നും ഈ വിസയ്ക്കുള്ള അപേക്ഷ “അബ്ഷർ” അല്ലെങ്കിൽ “മൊകീം” (ഒരു റസിഡന്റ്) ആപ്ലിക്കേഷൻ വഴി റദ്ദാക്കാമെന്നും അധികൃതർ അറിയിച്ചു. അതേസമയം റദ്ദാക്കണമെങ്കിൽ 100 റിയാല്‍ കാന്‍സലേഷന്‍ ഫീസ് നല്‍കണമെന്നും ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.