ദുബായിലേക്ക് മടങ്ങുന്ന യുഎഇ റസിഡൻസ് വിസയുള്ള ഇന്ത്യക്കാർ അവരുടെ പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യണം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യം സംബന്ധിച്ച സത്യവാങ്മൂലം, ദുബായ് വിമാനത്താവളത്തിൽ സമർപ്പിക്കാനുള്ള ക്വറന്റീൻ അപേക്ഷ എന്നിവയാണ് യാത്രയ്ക്ക് ആവശ്യമായ മറ്റു രേഖകൾ.
ഇതിനിടെ രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി. അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാനസർവീസുകൾക്കുള്ള നിരോധനം അടുത്തമാസം 31 വരെ തുടരുമെന്ന് സിവിൽ വ്യോമയാന ഡയരക്ടറേറ്റ് ജനറൽ അറിയിച്ചു.
നേരത്തേ ജൂൺ 30 വരെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 15ലേക്കും ജൂലൈ 31ലേക്കും നീട്ടിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയത്.
മേയ് ആറു മുതൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾ വിദേശത്തുനിന്ന് സർവീസ് നടത്തിയിരുന്നു.
മേയ് 25 മുതൽ എയർ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും ആഭ്യന്തര സർവീസും ആരംഭിച്ചു. എന്നാൽ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരുകയായിരുന്നു.






































