ദുബായ്/മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും ചാർട്ടേഡ് വിമാനം വഴി സ്വർണ കടത്ത്. ഇന്നലെ 3 ന് ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് അറസ്റ്റിലായത്. ജീൻസിനുള്ളിൽ പ്രത്യേകം തയാറാക്കിയ പാളിക്കുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
പേസ്റ്റ് രൂപത്തിലുള്ള 700 ഗ്രാം മിശ്രിതം വേർതിരിച്ചപ്പോൾ 29.70 ലക്ഷം രൂപയ്ക്ക് തുല്യമായ 600 ഗ്രാം സ്വർണം ലഭിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ചാർട്ടേഡ് വിമാനം വഴി 6 കേസുകളിലായി 11 പേരാണ് ഇതുവരെ അറസ്റ്റിലായത്. 2 കോടി 27 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വർണം പിടികൂടി. അറസ്റ്റിലായവർ എല്ലാവരും വിസിറ്റിങ് വീസയിൽ വിദേശത്ത് എത്തിയവരാണ്.
കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണൻ, കെ.വി.രാജു, സന്ദീപ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.