റിയാദ്: റംസാന്‍ മാസത്തിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ സൗദിയില്‍ വനിതാ വീട്ടുജോലിക്കാരുടെ ആവശ്യം വര്‍ധിക്കുന്നു. റംസാന്‍ ആയതോടെ മിക്ക വീടുകളിലും വനിതാ വീട്ടുജോലിക്കാരെ നിയമിക്കുന്നുണ്ട്. നിലവില്‍ വനിതാ വീട്ടുജോലിക്കാരുള്ള വീട്ടുകാര്‍ ഒന്നിലധികം പേരെ ജോലിക്കായി നിയമിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സൗദിയില്‍ സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ശമ്പളവര്‍ധനവും വന്നു. വേതനം ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് സൂചന.
സൗദിയിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ ശമ്പളത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. ചില പ്രദേശങ്ങളില്‍ പ്രതിമാസം 5,000 റിയാല്‍(ഏകദേശം ഒരുലക്ഷം രൂപ) കവിയുമെന്നാണ് റിപ്പോര്‍ട്ട്. റിയാദ് നഗരത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം 1,035 റിയാലായിരുന്ന സ്ഥാനത്ത് റംസാന്‍ മാസത്തെ ശമ്പളം 4,000 റിയാലാണ്. ജിസാനില്‍ 1,500 റിയാലുണ്ടായിരുന്നത് 2,773 റിയാലായി മാറി. അബഹയില്‍ 3,000 റിയാലുമാകും.
ദമാം അടക്കമുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 3,200 റിയാലായിരുന്ന ശമ്പളം റംസാനില്‍ 4,655 റിയാലായി ഉയരും. മദീനയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം 2,990 റിയാലില്‍നിന്ന് 5,000 റിയാലായി ഉയരും. ജിദ്ദയില്‍ ഒരു സാധാരണ ഗാര്‍ഹിക തൊഴിലാളിയുടെ ശമ്പളം 2,500 ആണ്. ഇത് റംസാനില്‍ 3,980 ആയി ഉയരും. അതേസമയം വനിതാ വീട്ടുജോലിക്കാര്‍ ഏത് രാജ്യക്കാരാണെന്നതിനനുസരിച്ചും നൈപുണ്യമനുസരിച്ചും ശമ്പളത്തില്‍ മാറ്റമുണ്ടാകും.