ദുബായ്: വ്യാജ സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. യൂറോപ്പുകാരിയായ യുവതിയെയാണ് ദുബായ് ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ഫ്ലാറ്റിൽ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമുള്ള ഉത്പന്നങ്ങളുടെയും സാമഗ്രികളുടെയും വൻ ശേഖരം പിടികൂടി.
അധികൃതരുടെ ലൈസൻസ് ഇല്ലാതെ ബോട്ടക്സ്, ഫില്ലേഴ്സ് തുടങ്ങിയ ശസ്ത്രക്രിയകൾ ഇവർ സ്വന്തം ഫ്ലാറ്റിൽ നടത്തിയിരുന്നതിന് തെളിവായി രേഖകൾ പൊലീസ് കണ്ടെടുത്തു. സ്വന്തം രാജ്യത്ത് നിന്ന് നേടിയ മുറി അറിവു വച്ച് ഇവർ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലെം അൽ ജല്ലാഫ് പറഞ്ഞു.
പ്രതി സമൂഹമാധ്യമങ്ങളിൽ നടത്തുന്ന പരസ്യം നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റെന്ന് ആന്റി –ഇക്കണോമിക് ക്രൈംസ് വിഭാഗം ഡെപ്യുട്ടി ഡയറക്ടർ കേണൽ ഉമർ മുഹമ്മദ് ബിൻ ഹമ്മാദ് പറഞ്ഞു. ദുബായ് പൊലീസിലെ കൊമേഴ്സ്യൽ ഫ്രോഡ്, ആന്റി–ഹാക്കിങ് വിഭാഗവും കൈകൊർത്തുകൊണ്ടായിരുന്നു പരിശോധന.
സമൂഹമാധ്യമത്തിലുടെ വലവീശൽ
സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതി തന്റെ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ആരെയും സുന്ദരിയാക്കും എന്ന പരസ്യങ്ങളിൽ പലരും എളുപ്പത്തിൽ വീണു. ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റാഗ്രാം പേജായിരുന്നു ഇതിന് മുഖ്യമായും ഉപയോഗിച്ചിരുന്നത്. ഇതുവഴി അപോയിമെന്റ് വാങ്ങുന്നവരെ ഇവർ നിശ്ചിതസമയത്ത് തന്റെ ഫ്ലാറ്റിലേയ്ക്ക് ക്ഷണിക്കുന്നു. വളരെ മാന്യമായി സ്വീകരിച്ച ശേഷം ചികിത്സ നടത്തുകയാണ് ചെയ്യുന്നത്.
രഹസ്യവനിതാ പൊലിസിന്റെ മിന്നൽ നടപടി
ചികിത്സ ആവശ്യമുണ്ടെന്ന് പറഞ്ഞ് യുവതിയെ ബന്ധപ്പെട്ട വനിതാ രഹസ്യ പൊലീസാണ് അറസ്റ്റിന് വഴിയൊരുക്കിയത്. ഫ്ലാറ്റിലേയ്ക്ക് ചെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് യുവതിക്ക് ചികിത്സ ആരംഭിച്ചപ്പോൾ പൊലീസ് സംഘം ഫ്ലാറ്റ് വളയുകയായിരുന്നു. മിന്നല്‍ വേഗത്തിൽ യുവതിയെ കൈയോടെ പിടികൂടുകയും ചെയ്തു.