അബുദാബി: വിദേശ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ വീസക്കാർക്ക് തിരിച്ചെത്താനുള്ള നടപടികൾ ലഘൂകരിച്ചതോടെ രാജ്യത്ത് എത്തുന്നവരുടെ എണ്ണം കൂടി. താമസ വീസക്കാർക്കു പുറമേ വീസ കാലാവധി കഴിഞ്ഞവരും സന്ദർശക വീസക്കാരും യുഎഇയിൽ എത്തിത്തുടങ്ങി. പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് യാത്രക്കാർ എത്തുന്നത്. സാധാരണ വിമാന സർവീസ് തുടങ്ങിയിട്ടില്ല.
സ്കൂളുകൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ നേരത്തേ നാട്ടിൽ പോയി കുടുങ്ങിയവരും തിരിച്ചെത്തുന്നുണ്ട്. വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്കു പോയവരും യുഎഇയിലെ സ്ഥിതിഗതികൾ ശാന്തമായതിനെ തുടർന്ന് തിരിച്ചുവന്നു ജോലിയിൽ പ്രവേശിച്ചു തുടങ്ങി. വീസാ കാലാവധി കഴിഞ്ഞ് നാട്ടിൽ കഴിയുന്നവരും ഐസിഎ ഗ്രീൻ സിഗ്നൽ അനുമതി ലഭിച്ചതോടെ തിരിച്ചുവരുന്നുണ്ട്. അബുദാബി, ഷാർജ വിമാനത്താവളത്തിലേക്കാണ് യാത്രക്കാർ കൂടുതലായി എത്തുന്നത്. ഐസിഎ റജിസ്ട്രേഷൻ നടപടികൾ ലഘൂകരിച്ചതാണ് ഇതിനു കാരണം.. ജിഡിആർഎഫ്എ അനുമതി കർശനമായതിനാൽ ദുബായിൽ തിരിച്ചെത്തുന്നവരുടെ എണ്ണം ഇതര എമിറേറ്റുകളെ അപേക്ഷിച്ചു കുറവാണ്.
എന്നാൽ ഇവിടെ ടൂറിസ്റ്റ് വീസക്കാരെ നേരത്തെ തന്നെ സ്വീകരിച്ചതുകൊണ്ട് ഒട്ടേറെ സന്ദർശകരെത്തുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് യുഎഇയിലെത്തുന്ന വന്ദേഭാരത് വിമാനങ്ങളിലാണ് യാത്രക്കാർ യുഎഇയിൽ തിരിച്ചെത്തുന്നത്. കൂടാതെ ഇത്തിഹാദ് എയർവേയ്സ്, എയർ അറേബ്യ, ഫ്ളൈ ദുബായ്, എമിറേറ്റ്സ് എന്നിവയുടെ പ്രത്യേക വിമാനങ്ങളിലും ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് യാത്രക്കാർ എത്തിക്കൊണ്ടിരിക്കുന്നു. ഓണം കൂടി കഴിയുന്നതോടെ യുഎഇയിൽ തിരിച്ചെത്തുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് നിഗമനം. ഇതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയിൽ രോഗബാധിതയുടെ എണ്ണത്തിൽ നേരിയ വർധന പ്രകടമാകുന്നതിനാൽ രാജ്യാന്തര യാത്രാ നിയമത്തിൽ മാറ്റം വന്നേക്കാമെന്ന സൂചനയുമുണ്ട്.
മടക്കയാത്രയ്ക്ക് എമിറേറ്റ്സ്
ദുബായ്: കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 5 ഇന്ത്യൻ നഗരങ്ങളിലേക്ക് അടുത്തമാസം ഒന്നുവരെ എമിറേറ്റ്സ് സർവീസ് നടത്തുന്നു. ഇന്ത്യയിലുള്ള യുഎഇ താമസവീസക്കാർക്ക് ഈ വിമാനങ്ങളിൽ തിരികെ വരാം. 22, 24, 27, 29, 31 തീയതികളിലാണ് ദുബായ് – കൊച്ചി സർവീസ്. 23, 25, 28, 30, 1 തീയതികളിൽ കൊച്ചി-ദുബായ് സർവീസ്. തിരുവനന്തപുരത്തേക്കു സർവീസ് 26ന്. തിരികെ 27ന്. മറ്റുസർവീസുകൾ: ബെംഗളൂരു-23, 25, 28, 30, ഡൽഹി, മുംബൈ- 31 വരെ ദിവസവും. ടിക്കറ്റുകൾ എമിറേറ്റ്സ് വെബ്സൈറ്റിലൂടെയോ ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യാം. ഇന്ത്യയിൽ നിന്നു യാത്രചെയ്യുന്ന ദുബായ് താമസവീസക്കാർ എമിഗ്രേഷൻ (ജിഡിഎഫ്ആർഎ) സൈറ്റിൽ (https://www.gdrfad.gov.ae) റജിസ്റ്റർ ചെയ്ത് അനുമതി വാങ്ങണം. അബുദാബിയിലെയും ഇതര എമിറേറ്റുകളിലെയും താമസക്കാർ ഐസിഎ സൈറ്റിലാണ് (https://www.ica.gov.ae) റജിസ്റ്റർ ചെയ്യേണ്ടത്.







































